കീവ്: ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ആയിരത്തോളം യുക്രൈൻ മറീനുകൾ ആയുധം വച്ച് കീഴടങ്ങിയതായി റഷ്യ. മരിയുപോൾ കീഴടക്കാൻ റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം കടുപ്പിച്ചിരുന്നു. അവകാശവാദം ശരിയാണെങ്കിൽ യുക്രൈനിന്റെ ഈ തുറമുഖ നഗരം റഷ്യയുടെ വരുതിയിലായതായി ഉറപ്പിക്കാം. അസോവ്സ്റ്റൽ ഇൻഡസ്ട്രിയൽ ജില്ല റഷ്യ കൈവശപ്പെടുത്തിയാൽ മരിയുപോളിന്റെ നിയന്ത്രണം അവരുടെ കൈവശമാകും. മറീനുകൾ ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.റഷ്യയുടെ അവകാശവാദം ശരിയാണെങ്കിൽ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ ആദ്യമായി വീഴുന്ന യുക്രെയ്ൻ പ്രദേശമെന്നത് മരിയുപോൾ ആയിരിക്കും.
മരിയുപോൾ കൈവശപ്പെടുത്തിയാൽ വിഘടനവാദികൾ കൈവശംവച്ചിരിക്കുന്ന കിഴക്കൻ മേഖലയിലേക്കും നേരത്തേ പിടിച്ചെടുത്ത ക്രൈമിയ മേഖലയിലേക്കും റഷ്യയിൽനിന്ന് ഒരു ഇടനാഴി കിട്ടും. 1026 യുക്രെയ്ൻ മറീനുകൾ ആണ് കീഴടങ്ങിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. ഇതിൽ 162 ഓഫിസർമാരും ഉൾപ്പെടും. റഷ്യൻ സേനയും ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് വിമതസേനയും ചേർന്നാണ് ആക്രമണം നടത്തുന്നത്. 36ാം മറീൻ ബ്രിഗേഡുകൾ സ്വയം ആയുധങ്ങൾ വച്ചു കീഴടങ്ങുകയായിരുന്നുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു

