തിരുവനന്തപുരം: കാർഷിക നിയമങ്ങൾ ഉടൻ തിരിച്ചുവരുമെന്നും അത് രാജ്യത്തെ കർഷകർ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി. തലസ്ഥാനത്ത് വിഷു വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘യുപി ബോർഡറിലൊക്കെ കഞ്ഞിവയ്ക്കാൻ പൈനാപ്പിളും കൊണ്ടു പോയ ചിലരുണ്ട്. ഇവനൊക്കെ കർഷകരോട് എന്ന് ഉത്തരം പറയും, എന്ത് ഉത്തരം പറയും? ആരാണ് കർഷകന്റെ സംരക്ഷകൻ?’ – സുരേഷ് ഗോപി ചോദിച്ചു.
‘‘നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു കാര്യം ഞാൻ പറയാം. നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. അത് അങ്ങനെത്തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തീർച്ചയായും തിരിച്ചുവരും. അത് ജനങ്ങൾ ആവശ്യപ്പെടും, കർഷകർ ആവശ്യപ്പെടും” – സുരേഷ് ഗോപി പറഞ്ഞു. സത്യം എന്നായാലും പുറത്തുവരുമെന്നും കാർഷിക നിയമങ്ങൾ കർഷകരുടെ നന്മക്കുവേണ്ടിയുള്ള പരിഷ്ക്കാരങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷു കൈനീട്ടം നൽകിയതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും ചെയ്ത കാര്യങ്ങളിലെ നന്മ തിരിച്ചറിയാൻ കഴിയാത്ത മാക്രി കൂട്ടങ്ങളാണ് വിമർശനങ്ങളുമായി വരുന്നതെന്നും സുരേഷ് ഗോപി തിരിച്ചടിച്ചു.

