Wednesday, December 24, 2025

സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു; തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും പട്ടികയില്‍ ഉള്‍പ്പെട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ പ്രളയവും ഉരുള്‍പ്പൊട്ടലുമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കാര്യമായ നാശനഷ്ടമുണ്ടാക്കാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

കാസര്‍കോട് 61 വില്ലേജുകള്‍, കണ്ണൂര്‍ 95, വയനാട് 49, മലപ്പുറം 138, പാലക്കാട് 124, കോഴിക്കോട് 115, തൃശൂര്‍ 215, എറണാകുളം 62, ഇടുക്കി 38, കോട്ടയം 59, ആലപ്പുഴ 55, പത്തനംതിട്ട 22, കൊല്ലം 5 ഇങ്ങനെയാണ് വില്ലേജുകളുടെ കണക്കുകള്‍.

ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്.

പ്രളയബാധിത വില്ലേജുകളുടെ വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയം സംബന്ധിച്ചുള്ള വിഷയം ഉടന്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ദിവസം ചേര്‍ന്ന എസ്.എല്‍.ബി.സി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരുന്നു. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരും ഉടന്‍ എസ്.എല്‍.ബി.സി ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും.

കഴിഞ്ഞ പ്രളയ കാലത്ത് മൂന്നു ഘട്ടങ്ങളായി 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇത്തവണ എന്നാല്‍ ഈ വര്‍ഷം ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു.

Related Articles

Latest Articles