Tuesday, October 6, 2026

പത്താം ക്ലാസുകാരന്റെ ആത്മഹത്യ ! ഒളിവിലായിരുന്ന ദമ്പതിമാര്‍ അറസ്റ്റില്‍

കൊല്ലം : കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ദമ്പതിമാരെ ചവറയില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തീയതിയാണ് പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന 15-കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് പ്രതികളായ ഗീതുമോളും ഭര്‍ത്താവ് സുരേഷും 15-കാരനെ വീട്ടിലെത്തി മര്‍ദ്ദിച്ചിരുന്നു. പ്രതികളുടെ മകള്‍ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഗീതുമോള്‍ 15-കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിൽ മനംനൊന്താണ് 15-കാരന്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ അമ്പലത്തില്‍ പോയ സമയത്തായിരുന്നു വിദ്യാർത്ഥി ജീവനൊടുക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Related Articles

Latest Articles