ജൽഗാവ്: മഹാരാഷ്ട്ര ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പുഷ്പക് എക്‌സ്പ്രസിലെ ഒരു ബോഗിയിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഭീതിയിലായ യാത്രക്കാരിൽ ചിലർ രക്ഷപെടാനായി പുറത്തേയ്ക്ക് ചാടിയതാണ് അപകടമുണ്ടാക്കിയത്. പുറത്തേയ്ക്ക് ചാടിയ യാത്രക്കാരെ എതിരെവന്ന കർണ്ണാടക എക്സ്പ്രെസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 11 പേർ മരിച്ചതായും അഞ്ചു പേർക്ക് പരിക്കേറ്റതായും നാസിക് റെയിൽവേ ഡിവിഷണൽ മാനേജർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരു ട്രെയിനുകളിലെയും യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് റെയിൽവേ സുരക്ഷാ സേനയും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ജില്ലാഭരണകൂടം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പചോരയ്ക്ക് സമീപമുള്ള മഹേജി പർദാടെ സ്റ്റേഷനുകൾക്കിടയിൽ ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് പുഷ്പക് എക്സ്പ്രെസ്സ് നിർത്തിയിട്ടു. വീലുകളിൽ നിന്ന് പുക കണ്ടതിനെതുടർന്നാണ് യാത്രക്കാർ പുറത്തേയ്ക്ക് ചാടിയത്. നിമിഷങ്ങൾക്കകം എതിർദിശയിൽ വന്ന കർണ്ണാടക എക്സ്പ്രെസ്സ് ട്രാക്കിലുണ്ടായിരുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു പുഷ്പക് എക്സ്പ്രെസ്സ്.
സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അതീവ ദുഃഖം രേഖപ്പെടുത്തി. അപകടം നേരിടുന്നതിന് ജില്ലാ ഭരണകൂടത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി ഗിരീഷ് മഹാജനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.

