പൈവളിഗ: കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പതിഞ്ചുകാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി. മരത്തിൽ കയറിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ അയൽവാസിയായ പ്രദീപിന്റെ മൃതദേഹമാണ് പതിനഞ്ചുകാരിയുടെ മൃതദേഹത്തിനൊപ്പം കണ്ടത്. ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരു കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയെ കാണാതായി 26 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. അയൽവാസിയായ പ്രദീപിനെയും ഒപ്പം കാണാതായിരുന്നു. പ്രദീപിന് കർണ്ണാടകയിൽ ബന്ധുക്കളുള്ളതിനാൽ ഇരുവരും അങ്ങോട്ട് പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പോലീസും നാട്ടുകാരും. എന്നാൽ ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ വീടിനു സമീപത്തെ കാട്ടിലാണ് കാണിച്ചത്. അതുകൊണ്ടുതന്നെ ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ സൂചനയൊന്നും ലഭിച്ചിരുന്നില്ല. പോലീസും നാട്ടുകാരും ഒരുമിച്ച് നടത്തിയ രണ്ടാം ഘട്ടം തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുലർച്ചെ നാലുമണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. 26 ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തുമ്പോഴും കാണാതായ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയാണ് ഇരുവരും ധരിച്ചിരുന്നത്. 6 വർഷം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം ഇവിടെ താമസത്തിന് എത്തുന്നത്. അന്നുമുതൽ കുടുംബത്തിന്റെ സുഹൃത്തായിരുന്നു പ്രദീപ്. ഇയാൾ ഓട്ടോറിക്ഷ ഓടിച്ചിരുന്നതിനാൽ കുടുംബം യാത്രകളിൽ ഇയാളെ ഒപ്പംകൂട്ടിയിരുന്നു. പിന്നീട് ഔട്ടോറിക്ഷ മാറ്റി പ്രദീപ് കാർ വാങ്ങിയിരുന്നു. കുട്ടിയുമായി ഇയാൾ ക്രമേണ അടുപ്പത്തിലായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.
വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. കൊലപാതകം അടക്കമുള്ള സാദ്ധ്യതകൾ പോലീസ് പരിശോധിക്കും. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും ഉടൻ സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

