Monday, January 5, 2026

പെരിങ്ങമ്മലയില്‍ ജീവനൊടുക്കിയ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായി; 19-കാരന്‍ അറസ്റ്റില്‍

പാലോട്: പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ പതിനാറുകാരിയുടെ മരണത്തില്‍ സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റില്‍. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 21-ന് രാവിലെ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി.

ഇതിനിടെയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന വിപിന്‍കുമാറിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. പോക്സോ, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നെടുമങ്ങാട് എ.എസ്‌പി. രാജ് പ്രസാദ്, പാലോട് സിഐ. സി.കെ.മനോജ്, എസ്‌ഐ. നിസാറുദ്ദിന്‍, ബാബു, സാംരാജ്, റഹിം, സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇടിഞ്ഞാര്‍ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടിഞ്ഞാര്‍ സ്വദേശിയായ അലന്‍ പീറ്റര്‍ എന്നയാളിനെ വ്യാഴാഴ്ച പാലോട് പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Related Articles

Latest Articles