Tuesday, December 23, 2025

നിര്‍ഭയ കേസ്: ജയിലില്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച് കേസിലെ പ്രതി

ദില്ലി: നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കുവാന്‍ ശ്രമിച്ചു. 16നായിരുന്നു സംഭവം . തല ചുവരില്‍ ഇടിച്ചാണ് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വിശദമാക്കി. ഇയാള്‍ക്ക് ചെറിയ പരിക്കേറ്റുവെന്ന് ജയില്‍ അധികൃതര്‍. കൃത്യസമയത്ത് ഇയാളെ പിടിച്ച് മാറ്റിയതിനാല്‍ മറ്റ് പരിക്കുകള്‍ ഇല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു.

2012 ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പുതിയ മരണ വാറന്റ് ഇറക്കിയ ശേഷം മാര്‍ച്ച് 3 ന് ശിക്ഷ നടപ്പിലാക്കാമെന്ന് ദില്ലി കോടതി പറഞ്ഞിരുന്നു. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരെ മാര്‍ച്ച് 3 പുലര്‍ച്ചെ ആറ് മണിക്ക് തൂക്കിലേറ്റാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ഇവര്‍ക്കെതിരായി കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Latest Articles