Sunday, December 14, 2025

അമേരിക്കയിൽ കലിയടങ്ങാതെ ചുഴലിക്കാറ്റ്, വെള്ളിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം

വാഷിങ്ടൻ : അമേരിക്കയിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. കാറ്റിൽ ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം ഒൻപത് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണതിനാൽ ഗതാതതം പൂർണമായും തടസ്സപ്പെട്ടു. വീടുകൾക്കുൾപ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അർകെൻസ, മിസിസിപ്പി, അലബാമ, ഇൻഡ്യാന, ഇലിനോയ്, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികൾ ധരിപ്പിച്ചതായും സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അർകെൻസ ഗവർണർ സാറാ ഹക്കബീ സാൻഡേഴ്‌സ് വ്യക്തമാക്കി.

നേരത്തെ രാജ്യത്തെ വടക്കൻ സംസ്ഥാനമായ അയോവ മുതൽ ദക്ഷിണ മേഖലയിലെ മിസിസിപ്പി വരെയുള്ള പ്രദേശത്ത് ദേശീയ കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു, കഴിഞ്ഞയാഴ്ച മിസിസിപ്പിയിൽ ചുഴലിക്കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

Related Articles

Latest Articles