തിരുവനന്തപുരം : ദുരിതാശ്വാസ നിധിയെ തട്ടിപ്പു നിധിയാക്കി സർക്കാർ. പരിശോധനയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ വിജിലൻസ് കണ്ടെത്തി . ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
എറണാകുളം ജില്ലയിലെ അതി സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി കണ്ടെത്തി. നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും മഹാമനസ്കരായ ഉദ്യോഗസ്ഥർ ഫണ്ട് അനുവദിച്ചതായും നിർദേശിക്കപ്പെടുന്ന സ്പെഷ്യലിസ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും കണ്ടെത്തി.
പാലക്കാട് ജില്ലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിലെ 5 അപേക്ഷകളോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ ഹൃദയസംബന്ധമായ അസുഖത്തിന് ആയുർവേദ ഡോക്ടർ നൽകിയതാണെന്നും ഈ അഞ്ചു അപേക്ഷകളും ഒരേ ഇടനിലക്കാരൻ വഴി സമർപ്പിച്ചതാണെന്നും കണ്ടെത്തി.
പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്.
കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10000 രൂപയും 2020 ൽ ഇതേ വ്യക്തിയ്ക്ക് കാൻസറിന് കോട്ടയം കലക്ടറേറ്റ് മുഖേന 10000 രൂപ അനുവദിച്ചതായും കണ്ടെത്തി
കാസർകോട് ജില്ലയിൽ രണ്ട് വ്യത്യസ്ത അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കയ്യക്ഷരത്തിലുള്ളതും ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും കണ്ടെത്തി.

