തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനത്തിൽ ആരോപണം നേരിടുന്ന സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പാർട്ടി അന്വേഷണത്തിനായി നാലംഗ കമ്മിഷനെ ചുമതലപ്പെടുത്തി. കെ.കെ.അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ.ശശിധരൻ, പി.വസന്തം എന്നിവരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിന്റേതാണു തീരുമാനം. ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ നേരത്തെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെ.കെ.അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ യാഥാർഥ്യമുണ്ട് എന്ന്കണ്ടെത്തിയതിനാലാണ് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു ജില്ലാ സെക്രട്ടറി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ പരാതി. എ.പി.ജയൻ ചുരുങ്ങിയ കാലയളവിൽ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നു തവണയാണ് ജയൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

