Thursday, May 2, 2024
spot_img

ഫെഡറൽ ബാങ്കിൽ നിന്ന് 32 കിലോ സ്വർണം കവർച്ച; രണ്ട് പേർ അറസ്റ്റിൽ; 18 കിലോ സ്വർണം കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വി ബാലാജി (30), എം സന്തോഷ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ ആദ്യ അറസ്റ്റാണ് പോലീസ് ഇതോടെ രേഖപ്പെടുത്തിയത്. ഫെഡറൽ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ചെന്നൈയിലുള്ള അരുമ്പാക്കം ബ്രാഞ്ചിൽ നിന്നും 32 കിലോ സ്വർണമായിരുന്നു നഷ്ടപ്പെട്ടത്.

ബാലാജിയിൽ നിന്ന് 18 കിലോ ഗ്രാം സ്വർണവും പ്രതികൾ രക്ഷപ്പെട്ട കാറും കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു. പ്രധാനപ്രതിയായ മുരുകന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കവർച്ച ആസൂത്രണം ചെയ്ത ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് മുരുകൻ. കവർച്ച സംഘത്തിലുണ്ടായിരുന്ന സൂര്യയെന്ന പ്രതിക്കായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കവർച്ച നടന്നത്. അരുമ്പാക്കം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരന് മയക്കുമരുന്ന് നൽകി മയക്കി കിടത്തി കവർച്ചാ സംഘം ബാങ്കിലേക്ക് പ്രവേശിച്ചു. മൂന്ന് പേരടങ്ങുന്ന സംഘം ചേർന്നായിരുന്നു 20 കോടി രൂപ വിലമതിക്കുന്ന സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും കൊണ്ടുപോയത്. ഇപ്പോൾ അറസ്റ്റിലായ ബാലാജിയാണ് മോഷ്ടാക്കൾക്ക് രക്ഷപ്പെടാനുള്ള കാർ തരപ്പെടുത്തി നൽകിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles