Friday, May 3, 2024
spot_img

ശബരിമലയിൽ വരുമാനം 357.47 കോടി; കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്, ഭക്തരുടെ എണ്ണം 5 ലക്ഷം കൂടി

ശബരിമലയിൽ 2023-24 വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.

അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോ​ഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോ​ഗങ്ങൾ നടത്തി പുരോ​ഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭം​ഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികൾ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീർഥാടനം സു​ഗമമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലിൽ 1100 ഉം പമ്പയിൽ 500 ഉം കണ്ടെയ്നർ ടോയ്ലറ്റുകളും ഇതിന്‍റെ ഭാ​ഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 1200 ഓളം ടോയ്ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles