തിരുവാറന്മുള: മൂന്നാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ തുടക്കമായി. 2023 മെയ് 17 വരെയാണ് സത്രം. മുംബൈ ചന്ദ്രശേഖരശർമയാണ് സത്രാചാര്യൻ. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്ന് ഖ്യാതികേട്ട തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായാണ് പാണ്ഡവീയ സത്രം നടത്തപ്പെടുന്നത്.
108 വൈഷ്ണ തിരുപ്പതി സങ്കല്പത്തിൽ 108 കുട്ടികളുടെ സമ്പൂർണ്ണ ഭഗവത് ഗീതാ പാരായണത്തിനും ശുഭാരംഭമായി. അഞ്ചുക്ഷേത്രങ്ങളിലെ ബിംബങ്ങൾ വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ ഒത്തുചേർന്ന് ആറന്മുളയ്ക്ക് മഹാഘോഷയാത്രയായി പുറപ്പെടുകയും ആറന്മുള കടകൽ ദേവീ ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആറന്മുള ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്യും. പഞ്ചവൈഷ്‌ണ ബിംബങ്ങൾ എന്നറിയപ്പെടുന്ന വിവിധഭാവങ്ങളിലുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ ഇന്ന് വൈകുന്നേരം 06:30ന് യജ്ഞശാലയിൽ എത്തിച്ചേരും. ഒരേപീഠത്തിൽ ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും സത്രത്തിന്റെ ഇനിയുള്ള ചടങ്ങുകൾ നടക്കുക. തുടർന്ന് 108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം ആരംഭിക്കും. കുരുക്ഷേത്രയുദ്ധത്തിന് ശേഷം രാജസൂയത്തിനു മുമ്പ് പഞ്ചപാണ്ഡവന്മാർ ധൗമ്യ മഹർഷിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈശാഖമാസ പൂജയാണ് ഈ മഹായജ്‌ഞം. ആർഷഭാരത സംസ്ക്കാരത്തിന്റെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന മഹാവിഷ്‌ണു സത്രത്തിന്റെ തത്സമയക്കാഴ്ച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്വമയി ഒരുക്കുന്നു. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://bit.ly/40h4Ifn

