ബ്ലുമെനൗ : ബ്രസീലിൽ ഡേ കെയർ സെന്ററിൽ നടന്ന ആക്രമണത്തിൽ നാല് കുട്ടികൾ അതിദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 24 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ സാന്ത കതാരിനയിലെ ബ്ലുമെനൗ നഗരത്തിൽ കാന്റിനോ ബോം പാസ്റ്റർ ഡേ കെയർ സെന്ററിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
കോടാലിയും കത്തിയുമുപയോഗിച്ചാണ് അക്രമി കുട്ടികളെ കൊലപ്പെടുത്തിയത്. 5 വയസിനും 7 വയസിനുമിടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളിൽ 2 വയസ്സിനും അതിനുംതാഴെയും പ്രായമുള്ള കുട്ടികളുമുണ്ട്.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്.സംഭവത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ ദുഃഖം രേഖപ്പെടുത്തി.

