വാഷിങ്ടൺ ഡിസി : പ്രവാസികൾ അമേരിക്കയ്ക്ക് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി അമേരിക്കൻ ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചേക്കും. ബിൽ നിയമമായാൽ നിക്ഷേപങ്ങളില്‍ നിന്നോ ഓഹരിവിപണിയില്‍നിന്നോ ഉള്‍പ്പെടെ അമേരിക്കൻ മണ്ണിൽ ഏത് വിധത്തിലും പ്രവാസികൾ സമ്പാദിക്കുന്ന പണത്തിനുമേല്‍ നികുതി ചുമത്തപ്പെടും. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന.
അതുകൊണ്ടു തന്നെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതൽ ചെലവേറിയതായി മാറും.
നോൺ-ഇമ്മിഗ്രന്റ് വിസ ഉടമകൾ ഉൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ കൈമാറ്റങ്ങൾക്കും അഞ്ചു ശതമാനം നികുതി ചുമത്താനുള്ള നിർദ്ദേശമാണ് ബില്ലിലുള്ളത്. നിക്ഷേപ വരുമാനം അല്ലെങ്കിൽ സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനം എന്നിവ കൈമാറ്റം ചെയ്യുന്നതിനെയും ഇത് ബാധിക്കും.അമേരിക്കയിലെ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കും. അമേരിക്കയിൽ നിലവിൽ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. 2023-ല്‍ 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രവാസികൾ അയച്ചത്.

