തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു.
രണ്ടു വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ ആ ജനപ്രതിനിധി അയോഗ്യനാവുമെന്ന സുപ്രീം കോടതിയുടെ വിധിയാണ് ആന്റണി രാജുവിനും ബാധകമായത്. അതേസമയം ആന്റണി രാജുവിനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത. അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ആന്റണി രാജുവിന് അവസരമുണ്ട്. ശിക്ഷ മേൽക്കോടതി സ്‌റ്റേ ചെയ്താൽ വീണ്ടും മത്സരിക്കാം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിനെ 7,089 വോട്ടിന് പരാജയപ്പെടുത്തിയാണ് ആന്റണി രാജു നിയമസഭയിലെത്തിയത്. ഒരു എംഎൽഎ മാത്രമുള്ള കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനുള്ള മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിയായി. പിന്നീട് ഗണേഷ് കുമാറിനായി സ്ഥാനമൊഴിയുകയായിരുന്നു.

