പാലക്കാട്: സിമന്റ് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥിനികൾ മരിച്ച പനയമ്പാടം സ്ഥിരം അപകടമേഖല. നാളിതുവരെ 55 അപകടങ്ങളാണ് ഇവിടെ ഉണ്ടായതെന്നും ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. മിനുസമാർന്ന റോഡാണ് ഇവിടെയുള്ളതെന്നും നാട്ടുകാർ പറയുന്നു.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് ഇന്നുണ്ടായ അപകടത്തിൽ മരിച്ചത്. ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനികൾ. ഒരു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്.
മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

