Tuesday, December 23, 2025

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പ്രതികൾക്ക് പാക് ബന്ധമെന്ന് അന്വേഷണ സംഘം; നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് (Parallel Telephone Exchange)കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് പാക് ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. അറസ്റ്റിലായ മൊയ്‌തീൻ, ഇബ്രാഹീം എന്നിവർ പാക് പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനു കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണ സഘം വ്യക്തമാക്കി. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് നേരത്തെതന്നെ അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. എന്നാൽ കൂടുതൽ ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പിടിയിലായ മുഖ്യസൂത്രധാരന്‍ ഇബ്രാഹിം പാകിസ്ഥാന് പുറമെ ചൈനയിലും ബംഗ്ലദേശിലും പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായി തെളിഞ്ഞിരുന്നു.

ബംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.ഐ.എസ്.ഐ.യാണ് ഇതിന് പിന്നിലെന്നാണ് സെൻട്രൽ ഐ.ബി.യുടെ റിപ്പോർട്ട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെൻട്രൽ ഐ.ബി. റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കം.

Related Articles

Latest Articles