Wednesday, November 25, 2026

അമിത് ഷായുടെ കൊൽക്കത്ത റാലിക്കു നേരെ തൃണമൂൽ ആക്രമണം; വാഹനങ്ങള്‍ കത്തിച്ചു,നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. അമിത് ഷായുടെ വാഹനത്തിനുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലും വടികളും എറിയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.

അമിത് ഷായുടെ റാലി കൊൽക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന പ്രതിഷേധമുയര്‍ത്തി. ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമുയര്‍ന്നു. അതിന്‌ മറുപടിയായി എബിവിപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കി .
ഇതിനുശേഷമാണ് ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലും വടികളുമെറിഞ്ഞത്.

തുടർന്ന് ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ലാത്തി വീശിയെങ്കിലും സ്ഥിതിഗതികൾ ശാന്തമായില്ല. അതിനിടെ ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അക്രമികൾ അഗ്നിക്കിരയാക്കി. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു.

പ്രവർത്തകർ സർവകലാശാലാ പരിസരത്തുനിന്ന് പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

Related Articles

Latest Articles