Wednesday, December 17, 2025

മണ്ണാറശാല അമ്മയെ കാണാനും മഞ്ഞള്‍സുഗന്ധം പേറിയ കാവിന്റെ തണലേറ്റുവാങ്ങാനും നേരമായി; മണ്ണാറശാലയില്‍ നാളെ ആയില്യപൂജ

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ച് നടന്നുവന്ന കാവില്‍ പൂജ പൂര്‍ണ്ണമായി. നാളെയാണ്(30നാണ്) ആയില്യം.നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കുമുള്ള മുഴുക്കാപ്പ് ചാര്‍ത്തല്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം നാഗദൈവങ്ങളെ ദര്‍ശിച്ച് സായൂജ്യരാകാനും കാവിന്റെ കുളിര്‍മ്മ നുകരാനും ഭക്തര്‍ മണ്ണാറശാലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പുണര്‍തം, പൂയം, ആയില്യം ഉത്സവങ്ങള്‍ക്ക് നിരവധി ഭക്തരാണ് സാക്ഷിയാകുന്നത്.

എന്നാൽ കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലേക്കെത്താന്‍ ഭക്തര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മണ്ണാറശാല അമ്മയെ കാണാനും മഞ്ഞള്‍സുഗന്ധം പേറിയ കാവിന്റെ തണലേറ്റുവാങ്ങാനും കഴിഞ്ഞ നാളുകളിലെ ബുദ്ധിമുട്ടുകൾക്ക് അയവു വന്നിരിക്കുകയാണ്.

കലാപരിപാടികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ചടങ്ങുകള്‍ക്കെല്ലാം മിഴിവേകാന്‍ ക്ഷേത്രകലകള്‍ക്ക് ഇക്കുറിയും പ്രാധന്യം നല്‍കിയിട്ടുണ്ട്

ഈപ്രാവശ്യവും നാഗപൂജകളെല്ലാം പാരമ്പര്യവഴിയിലൂടെതന്നെ ക്ഷേത്രത്തില്‍ നടക്കും. മണ്ണാറശാലയിലെ കാവുകളിലെല്ലാം പൂജകള്‍ നടന്നുവരികയാണ്.

മൂന്നുദിനങ്ങള്‍ ഭക്തരെല്ലാം ആത്മനിര്‍വൃതിയുടെ ലോകത്തിലാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും പുണര്‍തം നാളില്‍ എത്തുന്നവര്‍ ആയില്യം എഴുന്നള്ളത്ത് കണ്ടാണ് സാധാരണ മടങ്ങുക.

കഴിഞ്ഞ ആയില്യം ഉത്സവത്തിന് ക്ഷേത്രത്തിലെത്താന്‍ കഴിയാത്തതിന്റെ ദുഃഖം ഇത്തവണ ഇല്ലാതാകും. സാമൂഹിക പശ്ചാത്തലമെല്ലാം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് തൊഴുതു മടങ്ങാനുള്ള സൗകര്യമെല്ലാം ക്ഷേത്രഭാരവാഹികൾ ഒരുക്കിയിട്ടുമുണ്ട്.

Related Articles

Latest Articles