Tuesday, December 16, 2025

ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിൽ വന്‍ മദ്യശേഖരം; മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിലായി. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും നേപ്പാള്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തിലെ സാല്‍മിയയില്‍ നിന്നാണ് മദ്യ വില്‍പന സംഘം പിടിയിലായത്. ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പതിവ് പരിശോധന നടത്തുകയായിരുന്ന ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വരുന്നത് കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാളെ പിടികൂടിയ പൊലീസുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 90 കുപ്പി മദ്യമാണുണ്ടായിരുന്നത്. ഇവയില്‍ പ്രാദേശികമായി നിര്‍മിച്ചവയും ഇറക്കുമതി ചെയ്തവയുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്‍തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Related Articles

Latest Articles