Saturday, December 27, 2025

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു; പാലക്കാട് നിന്നും വന്ന ആംബുലന്‍സിനെ കുറിച്ച്‌ അന്വേഷിക്കണം; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. രഞ്ജിത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഹന പരിശോധനയും റെയ്ഡും സംബന്ധിച്ച് പൊലീസ് ഫേസ്ബുക്ക് പേജില്‍ പരസ്യം കൊടുത്തത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷിക്കാനാണെന്നും പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാല്‍ ഏതെങ്കിലും പ്രതികളെ കിട്ടുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കെ.സുധാകരനും വിഡി സതീശനും പോപ്പുലര്‍ ഫ്രണ്ടിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ്. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളില്‍ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലെ സിപിഎം എംഎല്‍എ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാര്‍ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles