തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഫയലിൽ അദ്ദേഹം ഒപ്പുവെച്ചത്. കഴിഞ്ഞ കൗൺസിൽ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.
തിരുവനന്തപുരം നഗരസഭയിൽ ചരിത്രം കുറിച്ചാണ് 50 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയത്. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് പാറ്റൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന 51 സീറ്റുകൾ ബിജെപി തികച്ചു. മേയർ സ്ഥാനാർഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.

