പോണ്ടിച്ചേരി: ഇടപാടുകാരുടെ സ്വര്‍ണാഭരണം മോഷ്ടിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോണ്ടിച്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ ക്യാഷറെയും അസിസ്റ്റന്റ് ക്യാഷറെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബാങ്കില്‍ പണയം വച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഒരാള്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മുക്കുപണ്ടമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബാങ്കിന്റെ ഉന്നതഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. ഇതേതുടര്‍ന്ന് നടത്തിയ സമഗ്രമായ പരിശോധനയിലാണ് കള്ളത്തരം പുറത്തായത്.
പിന്നീട് ബാങ്ക് അധികൃതര്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ബാങ്കിലെ ക്യാഷറായ ഗണേശനും അസിസ്റ്റന്റ് ക്യാഷര്‍ വിജയകുമാറും നാനൂറോളം പവന് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ 1.19 കോടി രൂപയുടെ സ്വര്‍ണങ്ങള്‍ പോലീസ് കണ്ടെത്തി. ഇവര്‍ രണ്ടുപേരും റിമാന്‍ഡിലാണ്. ബാങ്കിലെ മറ്റ് ചില ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

