വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗീകാരം നൽകി. നവംബർ 19-ന് നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 240-ാമത് യോഗത്തിലാണ് സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ (SWP) അംഗീകരിച്ചത്. കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വിരമിക്കൽ സമ്പാദ്യം സ്ഥിരവും പ്രവചനീയവുമായ വരുമാന സ്രോതസ്സാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം
പുതിയ സംവിധാനത്തിലൂടെ വിരമിക്കുന്ന അംഗങ്ങൾക്ക് പി.എഫ് സമ്പാദ്യം മുഴുവനായി പിൻവലിക്കുകയോ, ഒരു ഭാഗം മാത്രം പിൻവലിച്ച് ബാക്കി തുകയിൽ നിന്ന് ഘട്ടംഘട്ടമായി പണം കൈപ്പറ്റുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്നാണ് യോഗത്തിന് മുന്നോടിയായുള്ള വിശദീകരണങ്ങളിൽ വ്യക്തമാക്കിയിരുന്നത്. പിൻവലിക്കാതെ അക്കൗണ്ടിൽ ശേഷിക്കുന്ന തുകയ്ക്ക് നിലവിലെ ഇപിഎഫ് പലിശ ലഭിക്കുന്നത് തുടരും. ആവശ്യമെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറി ശേഷിക്കുന്ന തുക മുഴുവനായി പിൻവലിക്കാനും നിർദേശത്തിലുണ്ട്. അംഗം പണം കൈപ്പറ്റുന്ന കാലയളവിൽ മരിച്ചാൽ, നോമിനിക്കോ ആശ്രിതർക്കോ ശേഷിക്കുന്ന തുക ഒറ്റത്തവണയായി പിൻവലിക്കുകയോ നിശ്ചിത ഇടവേളകളിലെ പണമിടപാട് തുടരുകയോ ചെയ്യാം.
ഇപിഎഫ്ഒയുടെ ആഭ്യന്തര കണക്കുകൾ പ്രകാരം 55 വയസ്സിന് മുകളിലുള്ളതും പി.എഫ് അക്കൗണ്ടിൽ അഞ്ചു ലക്ഷം രൂപയിലധികം സമ്പാദ്യമുള്ളതുമായ ഏകദേശം 6.32 ലക്ഷം അംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രതിമാസം ലഭിക്കുന്ന തുക, പിൻവലിക്കാനുള്ള കാലാവധി, പദ്ധതിയിൽ ചേരുന്നതിനുള്ള നടപടികൾ തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറത്തിറങ്ങുമ്പോഴാണ് വ്യക്തമാകുക. ബോർഡിന്റെ അംഗീകാരം ലഭിച്ചെങ്കിലും പദ്ധതി പ്രാബല്യത്തിൽ വരാൻ ഔദ്യോഗിക വിജ്ഞാപനവും തുടർനടപടികളും ആവശ്യമാണ്. പി.എഫ് സമ്പാദ്യത്തിൽ നിന്നുള്ള ഈ വരുമാനം, പത്ത് വർഷമെങ്കിലും യോഗ്യമായ സേവനമുള്ളവർക്ക് ലഭിക്കുന്ന ഇ.പി.എസ് പ്രതിമാസ പെൻഷനിൽ നിന്ന് വ്യത്യസ്തമാണ്

