Friday, September 25, 2026

കെ റെയിലിനെതിരെ ഇടതുമുന്നണയിൽ രൂക്ഷ വിമർശനം; ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധം; നിലപാട് കടുപ്പിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: കെ റെയിലിനെതിരെ (K Rail) നിലപാട് ശക്തമാക്കി ഇടത് അനുകൂല ജനകീയ ശാസ്ത്ര സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്‍റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ.

പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവ ഒന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരിഷത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിഷത്ത് പ്രസിഡന്റ് ഒഎം ശങ്കരന്‍, ജനറല്‍ സെക്രട്ടറി പി ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കെ റെയിലിനായി വലിയ മതിലുകളാണ് നിര്‍മ്മിക്കേണ്ടി വരിക. ഇത് പ്രകൃതി വിഭവങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യും. കേരളത്തിലെ ദുര്‍ബലമായ പ്രകൃതിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പരിഷത്ത് വ്യക്തമാക്കി. മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. കെ റെയിലിന്റെ മുഴുവന്‍ രേഖകളും പൊതു ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.

Related Articles

Latest Articles