Thursday, November 26, 2026

“പാകിസ്ഥാനിലെ ഹിന്ദു സമൂഹം ഇന്ത്യയിലേക്ക്”; രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തിയേക്കും

ഇസ്ലാമാബാദ്: ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്താൻ പാകിസ്ഥാനിലെ ഹിന്ദുസമൂഹം (Pakistan Hindus Comes India) ഇന്ത്യയിലേക്ക്. പാക് ഹിന്ദു കൗൺസിൽ മേധാവി രമേഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്താൻ പാകിസ്ഥാനിലെ ഹിന്ദു സമൂഹം ഇന്ത്യയിലേക്ക് ജനുവരിയോടെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഹിന്ദു കൗൺസിൽ മേധാവി അറിയിച്ചത്. ജനുവരി 20 നാണ് ഇവർ ഇന്ത്യയിലെത്തുക. തുടർന്ന് വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്തും. എന്നാൽ എത്രപേർ വരുമെന്ന് വ്യക്തമല്ല. ദർശന നടത്തേണ്ട ക്ഷേത്രങ്ങളുടെ കണക്കെടുപ്പും പൂർത്തിയായിട്ടില്ല.

ഹൈന്ദവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുമെന്നാണ് വിവരം. ഇത്തരത്തിൽ എല്ലാ വർഷവും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നിരവധി തീർത്ഥാടനങ്ങൾ നടത്തണമെന്നും രമേഷ് കുമാർ പറഞ്ഞു. പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ആരാധനയിൽ ഇന്ത്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തിരുന്നു. മതമൗലികവാദികൾ തകർത്ത ക്ഷേത്രം നവീകരിച്ചതിന് ശേഷം പുതുവത്സരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രാർത്ഥന നടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 200 ഓളം വിശ്വാസികളാണ് ഇതിൽ പങ്കെടുത്തത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം കൂടി പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles