എറണാകുളം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിച്ചു. പിടിയുടെ ജന്മനാടായ ഇടുക്കി ഉപ്പുതോട് സെൻ്റ് ജോസഫ് പള്ളിയിലാണ് അമ്മയുടെ കല്ലറ.
പിടി തോമസിന്റെ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാവിലെ എറണാകുളത്തെ പിടി തോമസിൻ്റെ വീട്ടിൽ നിന്നാണ് സ്മൃതിയാത്ര ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽ നിന്ന് വിപി സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങുകയായിരുന്നു.
ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് മാർഗനിർദേശവുമായി ഇടുക്കി രൂപത രംഗത്തെത്തിയിരുന്നു. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്ന് ഇടുക്കി രൂപത നിർദേശിച്ചു.
എന്നാൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്, പ്രാർത്ഥനാപൂർവം നിശബ്ദത പുലർത്തണം. പള്ളി വികാരിയും പാരിഷ് കൗൺസിലറും മുൻകരുതൽ എടുക്കണമെന്നും രൂപത നിർദേശിച്ചു.
അതേസമയം പി.ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്. തന്റെ സംസ്‌കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ നിർദേശം നൽകിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം.
അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സുഹൃത്തുക്കൾ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
ഡിസംബർ 22ന് അർബുദ രോഗബാധിതനായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പി.ടി തോമസ് അന്തരിച്ചത്.

