കോട്ടയം: മെഡിക്കൽ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശിനി നീനു ആണ് പോലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത് വിൽക്കാനാണെന്നും കടബാധ്യത ഉള്ളതിനാലാണ് ഇത്തരമൊരു കൃത്യത്തിന് തയാറായതെന്നും യുവതി പോലീസിന് മൊഴി നൽകി. കോട്ടയത്തെ ബാർ ഹോട്ടലിൽ എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ചൊവ്വാഴ്ച ഇവർ മുറിയെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലൊക്കെ മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇവർ കറങ്ങി നടക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പരിയാർ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാൻ ശ്രമം നടത്തിയത്. ഇന്ന് വൈകീട്ട് നാലോടെ നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് സ്ത്രീ കുഞ്ഞിനെ വാങ്ങിയത്.
അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്. പിന്നാലെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം ഊർജിതമാക്കി. ഒരു മണിക്കൂറിനൊടുവിലാണ് അടുത്തുള്ള ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
അതേസമയം, കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎൻ വാസൻ പറഞ്ഞു. പോലീസ് സമഗ്ര അന്വേഷണത്തിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വാസവന് കൂട്ടിച്ചേർത്തു.

