വീല്‍ചെയറില്‍ വിരിഞ്ഞ വസന്തം സ്റ്റീഫൻ ഹോക്കിങ് എന്ന അത്ഭുത മനുഷ്യൻ | STEPHEN HAWKING
1942 ജനുവരി 8-ന്, ഗലീലിയോ ഗലീലിയുടെ 300-ാം ചരമവാര്‍ഷികദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ഫ്രാങ്ക്, ഇസൊബെൽ ഹോക്കിങ്ങ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഹോക്കിങ്ങിന് ഫിലിപ്പോ, മേരി എന്നീ രണ്ടു ഇളയ സഹോദരിമാരും എഡ്വേർഡ് എന്ന ഒരു ദത്ത് സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്കോട്ടിഷ്കാരിയായ അമ്മ വളരെ കുറച്ച് സ്ത്രീകൾ മാത്രം കോളേജ് വിദ്യാഭ്യാസം നേടിയിരുന്ന 1930 കളിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പ്രവേശനം നേടിയവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവും ഓക്സ്ഫോർഡ് ബിരുദധാരിയും, ഉഷ്ണമേഖലാ രോഗങ്ങളുടെ പ്രത്യേകതകളെ കുറിച്ച് പഠിക്കുന്ന മെഡിക്കൽ ഗവേഷകനുമായിരുന്നു.
ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോണ്‍ ഹൗസ് സ്കൂളിലായിരുന്നു ഹോക്കിംങിന്‍റെ സ്കൂള്‍പഠനം. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്‍റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു. 1962 ൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും 1966 ൽ അവിടെനിന്നും Phd നേടുകയും ചെയ്തു. കേംബ്രിഡ്ജിൽ ഗവേഷണം നടത്തുന്ന കാലത്താണ് അദ്ദേഹത്തിന് കൈകാലുകള്‍ തളര്‍ന്ന് പോകുന്ന നാഡീരോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസീസ് ബാധിച്ചത്.
ദീര്‍ഘകാലം ജീവിച്ചിരിക്കില്ലെന്ന ഡോക്ടറുടെ വിധിയെഴുത്തില്‍ പകച്ചുപോകാതെ അദ്ദേഹം താന്‍ ചെയ്തുകൊണ്ടിരുന്ന ഗവേഷണത്തില്‍ വ്യാപൃതനാവുകയാണ് ചെയ്തത്. 1969-ല്‍ അദ്ദേഹത്തിന്‍റെ ശാരീരികശേഷി നഷ്ടപ്പെട്ട് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുകയും, 1985-ല്‍ ശബ്ദം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ തലയുടെയും കണ്ണിന്‍റെയും ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകൾ ഉപയോഗിച്ച് അദ്ദേഹം ലോകത്തോട് സംവദിച്ചു.

