Wednesday, September 30, 2026

ഓണ്‍ലൈന്‍ കൂട്ടായ്മയും എല്‍ഡിഎഫിനെ കൈവിട്ടു

കൊച്ചി : ശബരി മലയില്‍ സ്ത്രീ പ്രവേശനത്തിന് ആഹ്വാനം ചെയ്ത ഫേസ്ബുക്ക് ഓണ്‍ലൈന്‍ കൂട്ടായ്മയും എല്‍ഡിഎഫിന്റെ പിന്തുണ കൈവിട്ടു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പകരം യുഡിഎഫിനാണ് പിന്തുണ നല്‍കിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഈ കൂട്ടായ്മ വെളിപ്പെടുത്തിയത്.

ശബരിമലയിലെ ആചാരലംഘനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സംസ്ഥാന സര്‍ക്കാരാണ് വേണ്ട പിന്തുണ നല്‍കിയത്. എന്നാല്‍ ഈ കൂട്ടായ്മ തന്നെ എല്‍ഡിഎഫിന്റെ കാല് വാരുകയായിരുന്നു. കോണ്‍ഗ്രസ്സിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും മുന്നിട്ടിറങ്ങി എന്നാണ് ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വോട്ട് നേടുന്നത് കുറയ്ക്കാനാണെന്നാണ് ഇവര്‍ ഇതിന് ന്യായീകരണം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രം ഇടത് പക്ഷത്തിന് വോട്ട് ചെയ്തിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിന് വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് പേജ് വഴി അവകാശപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ല

കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട്, കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല. ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും.

തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട്. പരമ്പരാഗതമായി എല്‍ഡി എഫിനു വോട്ടു ചെയ്തു പോന്ന അനവധി പേര്‍ യുഡു എഫിന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.

Related Articles

Latest Articles