ഇസ്ലാമാബാദ്: അടുത്ത 100 വർഷത്തേക്ക് ഞങ്ങൾ ഇന്ത്യയുമായി ശത്രുതയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ . രാജ്യത്ത് ആദ്യ ദേശീയ സുരക്ഷാ നയം (Pak National Security Policy) അവതരിപ്പിച്ച് സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ മാസമാണ് ദേശീയ സുരക്ഷാ സമിതിയും മന്ത്രിസഭയും നയത്തിന്റെ പൊതു പതിപ്പ് അംഗീകരിച്ചത് .100 പേജുള്ള രേഖയിൽ ദേശീയ സുരക്ഷ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ നയം അയൽക്കാരുമായി സമാധാനം തേടുന്നതാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം സുരക്ഷിതവും സാമ്പത്തികമായി പ്രതിരോധശേഷിയുള്ളതുമായ പാകിസ്ഥാനെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇമ്രാൻ ഖാൻ നയ അവതരണ സമയത്ത് വ്യക്തമാക്കിയത്. 70-ലധികം വർഷത്തെ അസ്ഥിത്വത്തിന്റെ പകുതിയിലധികവും പാകിസ്ഥാനെ ഭരിക്കുന്നത് സൈന്യമാണ്. സുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യങ്ങളിൽ ഇതുവരെ ഗണ്യമായ ശക്തി പ്രയോഗിക്കുകയും ചെയ്തു എന്നും പാക് പ്രധനമന്ത്രി പറഞ്ഞു.
2022-26 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന അഞ്ച് വർഷത്തെ നയരേഖ, ദേശീയ സുരക്ഷാ കാഴ്ചപ്പാടുകളും ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ട്രാറ്റജിരേഖയായാണ് ഇമ്രാൻ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുത്വം, ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ആക്രമണം എന്നിവ ഇന്ത്യയിൽ നിന്നുള്ള പ്രധാന ഭീഷണികളായി ദേശീയ സുരക്ഷാ നയത്തിൽ ഇമ്രാൻ ഖാൻ ഉയർത്തിക്കാട്ടുന്നുണ്ട്.

