ദില്ലി: അരുണാചൽ പ്രദേശിൽ നിന്നും ചൈന തട്ടിക്കൊണ്ടുപോയ 17 കാരനെ (Missing Arunachal Boy Found) കണ്ടെത്തിയതായി റിപ്പോർട്ട്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയാണ് ഇക്കാര്യം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്. കുട്ടിയെ തിരികെയെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ സൈന്യം ആരംഭിച്ചതായാണ് വിവരം. ജനുവരി 18നാണ് അരുണാചലിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്ന് 17കാരനെ കാണാതായത്.
മിറാൻ തരോൺ എന്നാണ് കുട്ടിയുടെ പേര്. കുട്ടിയെ കാണാതായ ആദ്യഘട്ടത്തിൽ പിഎൽഎ തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശത്തെ വനമേഖലയിൽ മിറാനും സുഹൃത്തുക്കളും വേട്ടയാടാൻ പോയതായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയെ കാണാതായത്. മിറാനെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചൈനീസ് പട്ടാളം ഈ കുട്ടിയെ കണ്ടെത്തിയതായുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.

