Sunday, May 19, 2024
spot_img

ഐഎസ് ഭീകരർ കൂട്ടത്തോടെ ജയിൽ ചാടി!!! ആശങ്കയിൽ ഇറാഖ്, അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം

ബാഗ്ദാദ്: ഐഎസ് ഭീകരർ (ISIS Break Prison) കൂട്ടത്തോടെ ജയിൽ ചാടിയതോടെ വലിയ ഭീഷിയിലാണ് ഇറാഖ് ഇപ്പോൾ. സിറിയയിലെ ഹസാഖാ പ്രവിശ്യയിലെ ജയിലിൽ നിന്നാണ് ഭീകരർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ഇതേത്തുടർന്ന് അതിർത്തിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇറാഖ്. യുഎസ് പിന്തുണയുളള ഖുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനായിരുന്നു ജയിലിന്റെ സുരക്ഷാ ചുമതല.പുറത്തുനിന്നുളള ഭീകരർ വാഹനത്തിൽ ആയുധങ്ങളുമായി എത്തി സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു. ജയിലിനുളളിലെ സ്ലീപ്പർ സെല്ലുകളുടെ സഹായത്തോടെയാണ് ജയിൽചാട്ടം നടത്തിയതെന്നാണ് നിഗമനം.

അതേസമയം സിറിയയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് ഇറാഖ് സൈന്യം സുരക്ഷ ശക്തമാക്കിയത്. സിറിയൻ അതിർത്തി പ്രദേശത്ത് സൈനിക സാന്നിധ്യവും നിരീക്ഷണവും ഇരട്ടിയാക്കാൻ ഇറാഖി സേനയുടെ കമാൻഡർ ഇൻ ചീഫ് നിർദ്ദേശം നൽകി. ഇറാഖി വാർത്താ ഏജൻസിയാണ് കമാൻഡർ ഇൻ ചീഫിന്റെ വക്താവിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.

രാജ്യത്തേക്ക് കടന്നുകയറാനുളള ഐഎസ് ഭീകരരുടെ ഏത് നീക്കവും ചെറുക്കാൻ അതിർത്തിയിൽ ശക്തമായ സന്നാഹങ്ങൾ ഉറപ്പിച്ചതായി യാഹിയ റസൂൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹസഖായിലെ ഗ്വെയിരാൻ ജയിലിൽ നിന്നും ഐഎസ് ഭീകരർ രക്ഷപെട്ടത്. ഐഎസ് കമാൻഡർമാരുൾപ്പെടെ 5000 ത്തിലധികം പേരെ പാർപ്പിച്ചിരുന്ന ജയിലാണിത്. ഇതിൽ പലരും അപകടകാരികളുമായിരുന്നു.

Related Articles

Latest Articles