പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ (Sanjit Murder) കേസിൽ മുഖ്യ പ്രതി പിടിയിൽ. കൊലപാതകത്തിന് ആസൂത്രണം നടത്തിയ സംഘത്തിപ്പെട്ട കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇയാൾ ഉൾപ്പെട്ട സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഡിവൈഎഫ്ഐ കൊഴിഞ്ഞാമ്പാറ മേഖല സെക്രട്ടറിയുടെ ഭാര്യ സഹോദരനാണ് മുഹമ്മദ് ഹാറൂൺ. കൊലപാതകത്തിന് ശേഷം, ഗൂഢാലോചനയിൽ പങ്കെടുത്തവരും, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ സഹായിച്ചവരും ഒളിവിൽ പോയതോടെ പോലീസ് ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു .കേസിൽ ഇതോടെ 10 പേർ പിടിയിലായി. കൃത്യത്തിൽ പങ്കെടുത്ത ഒരാൾ അടക്കം മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കേസിലെ മറ്റൊരു പ്രധാനിയായ ഹക്കീമിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചത് വിവാദം ആയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുള്ള പ്രതി ഹക്കിമിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്ച്ചയാണെന്ന് ബിജെപി ആരോപിച്ചിരുന്നു .പോലീസും പോപ്പുലർ ഫ്രണ്ടും തമ്മിൽ ധാരണയുണ്ടെന്നാണ് ബി ജെ പിയുടെ ആരോപണം .കേസന്വേഷണംകേന്ദ്ര ഏജൻസിക്കു കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന ആവശ്യം ബി ജെ പി ഉയർത്തുന്നുണ്ട് . കഴിഞ്ഞ നവംബർ 15 നാണ് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ,ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്.

