സ്വകാര്യ എൻജിനിയറിങ് കോളേജിൽ പ്രവേശനം നേടിയ ശേഷം സർക്കാർ കോളേജിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിനിയോട് സ്വകാര്യ മാനേജ്‌മന്റ് കോളേജിന്റെ ക്രൂരത. അടച്ച ഫീസ് തിരികെ നൽകാനോ സർട്ടിഫിക്കറ്റുകൾ മടക്കിനൽകാനോ മാനേജ്‌മന്റ് തയ്യാറായില്ല. ശ്രുതി എസ് സുരേഷ് എന്ന വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. തുടർന്ന് മാനിഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ ഫീസും സർട്ടിഫിക്കറ്റുകളും മടക്കിനൽകി. തുക വാങ്ങി നൽകാൻ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ആകെ 44500 രൂപയാണ് തിരുവല്ലം എ.സി . ഇ. എഞ്ചിനീയറിംഗ് കോളേജ് ഫീസായി ഈടാക്കിയിരുന്നത്. തുടർന്ന് ശ്രുതിക്ക് സർക്കാർ കോളേജിൽ പ്രവേശനം ലഭിക്കുകയും അവിടെ ചേർന്ന് പഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ എ സി ഇ എൻജിനിയറിങ് കോളേജ് അധികൃതർ ഫീസ് മടക്കിനൽകാൻ വിസമ്മതിക്കുകയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവക്കുകയുമായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന് അടച്ച തുകയിൽ 1000 രൂപ കുറച്ച് ബാക്കി തുക മടക്കി നൽകി.

