Thursday, January 1, 2026

അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ കാലുകുത്താൻ അനുവദിക്കാതെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം; കാരണം വ്യക്തമാക്കാതെ അധികൃതർ

തിരുവനന്തപുരം: അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം. ഇന്ന് പുലർച്ചെയോടെ വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും, നിർബന്ധിച്ച് തിരിച്ചയക്കുകയും ആയിരുന്നു. റിസർച്ച് വിസയിലാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ച് നടക്കുന്ന ഒരു ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ന് വന്നത്. എന്നാൽ, തിരിച്ചയയ്ക്കാനുള്ള കാരണം വിശദീകരിക്കാതെയാണ് അധികൃതർ ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ. ദേവിക ആരോപിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും, കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമാണ് എഫ്.ആർ.ആർ.ഓ അധികൃതർ അറിയിച്ചത്.

65 കാരനായ ഫിലിപ്പോ ഒസെല്ല ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. പുറത്ത് അദ്ദേഹത്തെ കാത്ത് നിൽക്കുകയായിരുന്ന സംഘാടകരെ കാണാൻ പോലും അനുവദിക്കാതെ ഫ്‌ളൈറ്റ് അറ്റൻഡർമാർ അദ്ദേഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു.തുടർന്ന് അധികൃതർ ഫിലിപ്പോയുടെ പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ചു. ഇതിന് ശേഷമാണ് കാരണം ബോധ്യപ്പെടുത്താതെ വിമാനത്താവള അധികൃതർ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് കടക്കാൻ കഴിയില്ലെന്നും, ഉടൻ മടങ്ങണമെന്നും അറിയിച്ചത്. ഗോവ വഴി ദുബായിലേക്കുള്ള വിമാനത്തിൽ അപ്പോഴേക്കും അധികൃതർ അദ്ദേഹത്തിന് ടിക്കറ്റ് ശരിയാക്കിയിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

Related Articles

Latest Articles