Saturday, November 21, 2026

‘ഗോ ഹോം ഗോട്ട’;കൊളംബോയിൽ ഗോതാബയയ്‌ക്കെതിരെ മുദ്രാവാക്യവുമായി ജനം തെരുവില്‍; സംഘര്‍ഷത്തിന് പിന്നാലെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണകൂടം

കൊളംബോ: പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനേത്തുടര്‍ന്ന് കൊളംബോ നഗരത്തിന്റെ വിവിധ മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണകൂടം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കൊളംബോ നഗരത്തിലെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ജനക്കൂട്ടം ‘ഗോ ഹോം ഗോട്ട’ ( ഗോതാബയ സ്ഥാനമൊഴിഞ്ഞ് വീട്ടില്‍ പോകുക) മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്. എന്നാൽ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി എത്തിയ പ്രതിഷേധക്കാര്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്സെ സര്‍ക്കാര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനു പിന്നാലെ കൊളംബോ നഗരത്തിലെ നാല് പോലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് അമല്‍ എദിരിമാന്‍ പറഞ്ഞു.

Related Articles

Latest Articles