Tuesday, December 30, 2025

പാലക്കാട് ഇരട്ടക്കൊലപാതകം: രണ്ട് കേസുകളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ

പാലക്കാട്: പാലക്കാട്നടന്ന ഇരട്ട കൊലപാതകത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങൾ. എസ്പിമാർ നേരിട്ട് മേൽനോട്ടം വഹിക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.

രണ്ട് കേസുകളിലും സംശയത്തിലുളള ആളുകൾ നിരീക്ഷണത്തിൽ തുടരുകയാണ്. ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് കേസുകളിലും സംശയത്തിൽ നിൽക്കുന്നവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ശ്രീനിവാസിന്റെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അത്തരത്തിലുളള രഹസ്യമായ ആസൂത്രണങ്ങൾ പോലീസിന് മനസിലാക്കുക അത്ര എളുപ്പമല്ലെന്നും വിജയ് സാഖറെ വ്യക്തമാക്കി. രഹസ്യമായി ആസൂത്രണം ചെയ്യുന്ന ഒരു കൊലപാതകം തടയുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട ശേഷം സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസിന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചില സംശയകരമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാൻ നാല് ടീമുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രതികളെ പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും വിജയ് സാഖറെ പറഞ്ഞു.

ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാത്രി പട്രോളിംഗും പരിശോധനയും ഉൾപ്പെടെ ശക്തമാക്കും. ജില്ലയുടെ ക്രമസമാധാനം ഉറപ്പ് വരുത്താനും സുഗമമായി നടത്താനും കൂടുതൽ നടപടികൾ സ്വീകരിക്കും. കൈയ്യിലുളള സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഗൂഢാലോചന ഉണ്ട്. ആരാണ് അതിന്റെ സൂത്രധാരൻ എന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും കണ്ടുപിടിക്കും.

Related Articles

Latest Articles