ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ ചൂണ്ടാനുള്ള ശ്രമം മാത്രമാണെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തിൽ പാകിസ്ഥാന്റെ ചരിത്രം അത്യന്തം മോശമാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാന് ഭാരതത്തെ ഉപദേശിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
നേരത്തെ ഭാരതത്തിലെ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളും മുസ്ലീം ജനവിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. പാകിസ്ഥാനിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ന്യൂനപക്ഷങ്ങൾ നേരിടുന്ന ക്രൂരവും വ്യവസ്ഥാപിതവുമായ പീഡനങ്ങൾ കുപ്രസിദ്ധ വസ്തുതയാണെന്നും ഇത്തരം ആരോപണങ്ങളിലൂടെ ആ കറുത്ത ചരിത്രം മറച്ചുവെക്കാൻ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ മാസം അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനെതിരെയും പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും അന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളിലും മതപരമായ അടിച്ചമർത്തലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പാകിസ്ഥാന് നല്ലതെന്നും മറ്റുള്ളവർക്ക് നേരെ കപടമായ ഉപദേശങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഭാരതം ആവർത്തിച്ചു.

