ശ്രീനഗർ: ജമ്മു കശ്മീരിൽ പട്ടാപ്പകൽ കശ്മീരി പണ്ഡിറ്റായ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. കുൽഗാം സ്വദേശിനിയായ രജ്‌നി ആണ് കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് രജ്‌നി. ഇവർ സാംബ സ്വദേശിനിയാണ്.
രാവിലെയോടെയായിരുന്നു ക്രൂരമായ സംഭവം നടന്നത്. വാഹനത്തിൽ എത്തിയ ഭീകര സംഘം അദ്ധ്യാപികക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജ്‌നിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് ചദോര മേഖലയിൽ ടിവി അവതാരകയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അദ്ധ്യാപികയും ഈ ക്രൂരമായ ആക്രമണത്തിന് ഇരയായത്. അടുത്തിടെ കശ്മീരി പണ്ഡിറ്റ് ആയ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

