Sunday, May 12, 2024
spot_img

കറുപ്പിന് വിലക്കില്ലെന്നത് ശുദ്ധ നുണ; കറുത്ത ചുരിദാർ ധരിച്ചതിന് തിരുവനന്തപുരം കോർപറേഷൻ കാഞ്ഞിരമ്പാറ കൗൺസിലറെ കരുതൽ കസ്റ്റഡിയിലെടുത്ത് പൂജപ്പുര പോലീസ്; സ്ത്രീപക്ഷ സർക്കാരിന്റെ കരുതലിന് ‘നന്ദി’ അറിയിച്ച് കൗൺസിലറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കറുപ്പിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിഷേധം ഭയന്ന് സംസ്ഥാനത്ത് പോലീസ് രാജ്. മുഖ്യമന്ത്രി പോകുന്ന വഴികളിലെല്ലാം, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കരുതൽ അറസ്റ്റ് വ്യാപകമാകുന്നു. തൻറെ കർത്തവ്യ നിർവ്വഹണത്തിനിടയിൽ ബിജെപി വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റും തിരുവനന്തപുരം കോർപ്പറേഷനിലെ കാഞ്ഞിരംപാറ കൗൺസിലറുമായ സിമി ബാലുവിനെ കറുത്ത ചുരിദാർ ധരിച്ചെന്ന കാരണത്താൽ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സുമി ബാലു തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കസ്റ്റഡി വിവരം പുറത്തുവിട്ടത്. കറുത്ത ചുരിദാർ ഇട്ടതിന്റെ പേരിൽ തന്നെയും കൂടെ ഉണ്ടായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ മധു ശ്രീ ഗോപികൃഷ്ണൻ എന്നിവരെയും പൂജപ്പുര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ട് 5 മണിക്കൂർ പിന്നിടുന്നതായി സുമി ബാലു ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീപക്ഷ സർക്കാരിന്റെ ഈ കരുതലിനു നന്ദി പറയുന്നതായും സുമി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സ്ത്രീപക്ഷ സർകാരിന്റെ സ്നേഹത്തിന് നന്ദി. എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ മധു ചേട്ടനെയും ശ്രീ ഗോപികൃഷ്ണനെയും പൂജപ്പുര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ട് 5 മണിക്കൂർ പിന്നിടുന്നു. കരുതൽ അറസ്റ്റ് എന്നാണ് ഈ പരിപാടിയുടെ പേര്. ഞാൻ ചെയ്ത തെറ്റ് : കറുത്ത ചുരിദാർ ഇട്ടുകൊണ്ട് എന്റെ വാർഡ്/മണ്ഡലം പരിധിയിലെ ഒരു ചായക്കടയിൽ നിന്നും കട്ടൻ ചായ കുടിച്ചു.

സാധാരണ ഞാൻ രാഷ്ട്രീയ പോസ്റ്റുകൾ ഇടാറേ ഇല്ല, പക്ഷേ പോലീസ് ഉദ്യോഗസ്ഥരുടെ ഈ കരുതൽ അനുഭവിക്കുമ്പോൾ ഇതിവിടെ പറയാതിരിക്കുവാൻ തരമില്ല. നാളെ സ്വർണാഭരണം ഇട്ട് നടക്കുന്നവരെയും സ്വപ്ന എന്ന് പേരുള്ളവരെയും ഇതുപോലെ നിങ്ങൾ സ്നേഹിക്കുമായിരിക്കുമല്ലേ. ചുവപ്പ് കണ്ടാൽ സമനില തെറ്റുന്ന കാളക്കൂറ്റന്മാരെ ഞങ്ങൾക്ക് പേടിയാണ്, പക്ഷേ കറുപ്പ് കാണുമ്പോൾ കലികയറുന്ന നിങ്ങളോട് പുച്ഛം മാത്രം.

Related Articles

Latest Articles