Friday, January 2, 2026

വേമ്പനാട്ടു കായലില്‍ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായത് ബോട്ടു ജീവനക്കാര്‍

ആലപ്പുഴ: വേമ്പനാട്ടു കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. കുമരകത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലില്‍ ശക്തമായ കാറ്റിൽ പെട്ട് തലകീഴായി മറിഞ്ഞത്.

മുഹമ്മയിൽ നിന്നും കുമരകത്തേക്ക് രാവിലെ 11ന് പുറപ്പെട്ട എസ് 52 ബോട്ടിലെ ബോട്ട് മാസ്റ്റർ ടി.എ. ബിന്ദു രാജ്, സ്രാങ്ക് എം.ബി. ഷൈൻ കുമാർ, ഡ്രൈവർ ഇ.എ. അനസ്, ലസ്കർമാരായ കെ.പി പ്രശാന്ത്, ടി. രാജേഷ്, സ്രാങ്ക് പി.എൻ ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോൻ കുട്ടുവടി, രാജു കുൽപ്പറച്ചിറ, അനൂപ് കായ്ത്തറ, സാബു നടുചിറ, ഷിജു തോപ്പിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് പ്രഥമ ശൂശ്രൂഷ നൽകി വിട്ടയച്ചു. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്‍റെ നേതൃത്വത്തിൽ ആദരിച്ചു.

Related Articles

Latest Articles