Tuesday, May 14, 2024
spot_img

ആരോഗ്യ പ്രശ്നം, സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായില്ല

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്ന മെയിലിലൂടെ ഇ ഡിയെ അറിയിച്ചു. സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സരിതും ഇ ഡിയെ അറിയിച്ചു.

അതേസമയം, സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് പുറത്താക്കി. സ്വപ്നനയ്ക്ക് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ് ആരോപിക്കുന്നു. ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു.

നാല് മാസം മുമ്പ് സ്വപ്നക്ക് ജോലി നൽകിയതിന്‍റെ പേരിൽ എച്ച് ആർ ഡി എസിന്‍റെ ഓഫിസിൽ പോലീസ് , ക്രൈംബ്രാഞ്ച് , ഇന്‍റലിജൻസ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കയറി ഇറങ്ങുകയാണ്. ഇത് സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശമ്പളം നൽകുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് ജോലി നൽകിയതെന്ന് എച്ച് ആർ ഡി എസ് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ സംഭാവനകൾ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാൻ താൽപര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നും എച്ച് ആർ ഡി എസ് വിശദീകരിക്കുന്നു.സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാൻ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വ്യക്തമാക്കി.

Related Articles

Latest Articles