Thursday, January 1, 2026

ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലുമായിരുന്നു കണ്ടെത്തിത്.

രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നൂര്‍ ഉള്‍ ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തര്‍, റുബീന ബാനോ, സഫര്‍ സലിം എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി റൂറല്‍ എസ്പി സഞ്ജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി ആറ് മൃതദേഹവും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന പ്രാഥമിക സംശയത്തില്‍ ജമ്മു പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles