ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹാട്ടി- കൊൽക്കത്ത റൂട്ടിലായിരിക്കും സർവീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുമെന്ന് ഇന്ന് ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നിലവിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് ദീർഘദൂര യാത്രകൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കുന്നത്.
ആയിരം കിലോമീറ്ററിലധികം ദൂരമുള്ള യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ വേഗതയോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പുനൽകുന്നു. ഗുവാഹത്തി – ഹൗറ റൂട്ടിലെ വിമാനയാത്ര നിരക്ക് ആറായിരം രൂപ മുതൽ പതിനായിരം രൂപ വരെയായിരിക്കെ, സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിലാണ് വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. 3AC യാത്രയ്ക്ക് ഏകദേശം 2,300 രൂപയും, 2AC-ക്ക് 3,000 രൂപയും, ഫസ്റ്റ് എസിക്ക് 3,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ വർഷാവസാനത്തോടെ പന്ത്രണ്ടോളം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ റെയിൽവേ ശൃംഖലയുടെ ഭാഗമാകുമെന്നും അടുത്ത വർഷത്തോടെ ഇവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടു-നാഗ്ദ സെക്ഷനിൽ നടത്തിയ അന്തിമ ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രെയിനിന് സാധിച്ചു. കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (CRS) മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ ട്രെയിനിന്റെ സുരക്ഷ, ബ്രേക്കിംഗ് സംവിധാനം, വിറയൽ നിയന്ത്രണം തുടങ്ങിയവ തൃപ്തികരമാണെന്ന് കണ്ടെത്തി. ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴും ഉള്ളിൽ വച്ചിരിക്കുന്ന വെള്ളം നിറച്ച ഗ്ലാസുകൾ മറിയുകയോ വെള്ളം തുളുമ്പുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ മന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് ട്രെയിനിന്റെ മികച്ച സസ്‌പെൻഷൻ സംവിധാനത്തെയും സുഗമമായ യാത്രാനുഭവത്തെയുമാണ് സൂചിപ്പിക്കുന്നത്.
പതിനാറ് കോച്ചുകളുള്ള ഈ ട്രെയിനിൽ തദ്ദേശീയമായി വികസിപ്പിച്ച ‘കവച’ സുരക്ഷാ സംവിധാനം, അത്യാധുനിക ഫയർ ഡിറ്റക്ഷൻ, സിസിടിവി നിരീക്ഷണം, ഓട്ടോമാറ്റിക് ഡോറുകൾ, പ്രത്യേക ശൗചാലയങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് എയർ കണ്ടീഷൻഡ് കാറ്റിലെ അണുക്കളെ നശിപ്പിക്കുന്ന സംവിധാനവും ഇതിലുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് കോച്ചുകളുടെയും ഗോവണികളുടെയും രൂപകൽപ്പന. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ ട്രെയിൻ ആധുനിക സാങ്കേതിക വിദ്യയിൽ രാജ്യം കൈവരിച്ച സ്വയംപര്യാപ്തതയുടെ അടയാളം കൂടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

