കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് നിര്‍മാണ ഫാക്ടറിയുടെ ഫറോക്കിലെ ഗോഡൗണിലാണ് വൻ തീപ്പിടിത്തമുണ്ടായത്. ഉടൻ തന്നെ മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിത്തത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ പോലീസുകാർ ഒഴിപ്പിച്ചു. ഗോഡൗണിൽ ആളിക്കത്തിയ തീ മുന്നിലുള്ള ലോറിയിലേക്കും പടർന്നു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് റിപ്പോർട്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. പൊട്ടിത്തെറിയോടെ ആണ് തീപ്പിടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഈ ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

