Sunday, May 19, 2024
spot_img

നടപടിയെടുത്ത് ഇന്ത്യ; പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ വിട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ദില്ലി: ബ്രഹ്മോസ് മിസൈൽ പാക്കിസ്ഥാനിലേക്ക് തൊടുത്ത സംഭവത്തിൽ നടപടിയെടുത്ത് ഇന്ത്യ. മൂന്ന് വായുസേന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരായാണ് നടപടി. 2022 മാർച്ച് ഒമ്പതിനാണ് അബദ്ധത്തിൽ പാകിസ്ഥാനിൽ മിസൈൽ പതിച്ചത്. സംഭവത്തിൽ സൈനിക കോടതി അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നടപടി. എസ്ഒപി ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

ഈ വർഷം മാർച്ച് ഒന്‍പതിന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ വീണത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് സൂപ്പർസോണിക് മിസൈൽ പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്. ഉദ്യോഗസ്ഥർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ(എസ്ഒപി) പാലിക്കുന്നതിൽ വീഴ്ച വന്നതായും ഇതാണ് അബദ്ധത്തിലുളള മിസൈൽ പ്രയോഗത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കാണ് നടപടി നേരിട്ടത്.

സംഭവം വലിയ വാർത്തയായതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. അബദ്ധത്തിലാണ് മിസൈൽ പതിച്ചതെന്നും രാജ്യത്തിൻ്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്ക് മുൻ‌ഗണന നൽകുന്നുണ്ടെന്നു എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു.

ഇവരുടെ ടെർമിനേഷൻ ഉത്തരവ് ഇന്ന് നൽകിയതായി വായുസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം മനപ്പൂർവ്വമാണ് മിസൈൽ തൊടുത്തതെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച ഇന്ത്യ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സാങ്കേതിക പിഴവാണെന്നും സംഭവത്തിൽ ഇന്ത്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംയുക്ത അന്വേഷണത്തിനില്ലെന്നും സർക്കാർ വൃത്തങ്ങൾ നിലപാട് എടുത്തിരുന്നു. പിഴവ് സംഭവിച്ചതാണെന്ന് അയൽക്കാർ എന്ന നിലയിൽ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും ഇന്ത്യ വ്യക്തമാക്കി.

Related Articles

Latest Articles