ദില്ലി: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നില്‍. ആദ്യഫല സൂചനകൾ പുറത്ത് വന്നപ്പോൾ മുന്നിലുണ്ടായിരുന്ന ആംആദ്മിയെ പിന്തള്ളിയാണ് ബിജെപി മുന്നിലെത്തിയത്. എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഇത്തവണ ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു. എന്നാൽ ബിജെപി ലീഡ് തുടരുകയാണ്.
കോൺഗ്രസ് തകർന്നടിയുന്നു. മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിനെ ആദ്യ ഫല സൂചനകളിൽ തന്നെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി തുടർച്ചയായി ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണത്തിലായിരുന്നു ബിജെപി. ദില്ലിയിൽ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി കോർപ്പറേഷൻ ഭരണത്തിലും എത്തുന്നതിന്റെ സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്.
മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.

